തിരുവനന്തപുരം: റീൽസിൻ്റെ ഫോട്ടോഷൂട്ടിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നുമുള്ള പരാതിയിൽ വ്ലോഗർ മുകേഷ് എം.നായർക്കെതിരെ പോക്സോ കേസ്.
കടയ്ക്കൽ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ കോവളം പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണു നടപടി. കോവളത്തെ റിസോർട്ടിൽ വച്ച് ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേയുടെ ഭാഗമായാണ് റീൽസിൻ്റെ ചിത്രീകരണം നടന്നത്. പെൺകുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഓർഡിനേറ്റർക്കെതിരെയും പൊലീസ് കേസെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ഫോട്ടോഷൂട്ടിൽ അഭിനയിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണു പരാതി നൽകിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ ചിത്രീകരിച്ച റീൽസ് മുകേഷ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചതിനെ തുടർന്നു കടുത്ത വിമർശനം ഉയർന്നിരുന്നു. മുൻപ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തതിനും മുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
