മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം കാലാവസ്ഥ അനുകൂലമായി; രണ്ടാമത്തെ ക്രെയിനും വിഴിഞ്ഞം തുറമുഖത്തിറക്കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ ക്രെയിനും ഇറക്കി.

ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ല്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിനാണ് കരയ്ക്കിറക്കിയത്.
ശക്തമായ കടല്‍ ക്ഷോഭം കാരണം ക്രെയിൻ പുറത്തിറക്കാനുള്ള ആദ്യം ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ ആദ്യ ശ്രമം ഉപേക്ഷിച്ചിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് കടല്‍ അല്പം ശാന്തമായതിനെ തുടര്‍ന്നാണ് ക്രെയിൻ പുറത്തിറക്കാനുള്ള നടപടികള്‍ വീണ്ടും തുടങ്ങിയത്. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ ദൗത്യം ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി 4 മണിയോടെ ക്രെയിൻ ബര്‍ത്തിലിറക്കി. രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളില്‍ ആദ്യത്തേത് രണ്ട് ദിവസം മുമ്ബ് കരയ്ക്കിറക്കിയിരുന്നു.

1100 ടണ്ണിലേറെ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇനി ഇറക്കാനുള്ളത്. ഇന്ന് സാഹചര്യം അനുകൂലമായാല്‍ ഈ ക്രെയിനും കരയ്ക്കിറക്കി നാളെ രാവിലെയോടെ കപ്പലിന് മടങ്ങാനാവുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ടവര്‍.

കടല്‍ക്ഷോഭവും ചൈനീസ് തൊഴിലാളികള്‍ക്ക് കരയ്ക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകള്‍ തുറമുഖത്ത് ഇറക്കാനുള്ള നടപടികള്‍ നീണ്ടുപോകുകയായിരുന്നു. തടസങ്ങള്‍ നീങ്ങി വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ ലഭ്യമാവുകയും കടല്‍ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് രണ്ട് ദിവസങ്ങളിലായി രണ്ട് ക്രെയിനുകള്‍ ഇറക്കാനായത്.