‘വിഷൻ ശബരിമല’: പ്രത്യേക ബജറ്റും പമ്പയില്‍ പില്‍ഗ്രിം സെൻ്ററും; ഈ സീസണിലെ വരുമാനം 483 കോടിയെന്ന് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നല്‍ നല്‍കുന്നതാണ് പുതിയ കർമ്മപദ്ധതി. വിഷൻ ശബരിമല അവതരിപ്പിച്ച്‌ കെ ജയകുമാർ.ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

ശബരിമലയുടെ വികസനത്തിനായി മാത്രമായി ഒരു പ്രത്യേക ബജറ്റ് ദേവസ്വം ബോർഡ് തയ്യാറാക്കും. പമ്പയില്‍ തീർത്ഥാടകർക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ പില്‍ഗ്രിം സെന്റർ ആരംഭിക്കും. എല്ലാ സാമ്പത്തിക ഇടപാടുകളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നല്‍കും.

 

സ്വയംഭൂ സ്പോണ്‍സർമാരില്‍ നിന്ന് ഇനി സംഭാവന സ്വീകരിക്കില്ല. ബോർഡ് നേരിട്ട് സ്പോണ്‍സർമാരെ കണ്ടെത്തും. ശബരിമല തന്ത്രിമാർ ഓരോ സീസണിലും മാറി മാറി വരുന്നത് സംബന്ധിച്ച്‌ പുതിയ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തും. മകരവിളക്ക് കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യും.

 

ശബരിമലയില്‍ വിലക്ക് ലംഘിച്ച്‌ സിനിമ ഷൂട്ടിംഗ് നടന്നതായി പരാതി ഉയർന്ന സാഹചര്യത്തില്‍ കർശനമായ പരിശോധന നടത്തും. ഷൂട്ടിംഗിന് ബോർഡ് അനുമതി നല്‍കിയിട്ടില്ലെന്നും, ചിത്രീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നിയമനടപടി സ്വീകരിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.