സ്ത്രീസംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങളുള്ള കേരളത്തിൽ സ്ത്രീ സുരക്ഷിതയോ..? അല്ല എന്നതിന് വിവരങ്ങൾ പുറത്ത്; ഈ വർഷം ജൂൺവരെ മാത്രം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രജിസ്റ്റർ ചെയ്തത് 9,501 കേസുകൾ; ദിവസം 53 കേസുകൾ; കുടുംബക്കാരിൽനിന്ന് പീഡനം ഏൽക്കേണ്ടി വന്ന കേസുകൾ 2,327

മലപ്പുറം: കേരള, കേന്ദ്ര സർക്കാരുകൾ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കുറവില്ലെന്ന് കണക്കുകൾ. ഈ വർഷം ജൂൺവരെ മാത്രം സംസ്ഥാനത്ത് 9,501 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും. ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നു കരുതുന്ന ഭർത്താക്കന്മാർ, കുടുംബക്കാർ എന്നിവരിൽനിന്നേറ്റ പീഡനങ്ങൾക്കും കുറവില്ല. 2,327 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.