വിദേശത്തായിരുന്ന ഉടമയ്ക്ക് പകരം വ്യാജ ഉടമയെ ഹാജരാക്കി വസ്തു ആധാരം ചെയ്തു; മുൻ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്ത് കൊടുത്ത കേസില്‍ മുൻ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു.

പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25,000 രൂപ പിഴയും ഇയാള്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

2005ല്‍ ഒരു വസ്തു പോക്കുവരവ് ചെയ്തുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
സജിദ ഹബീബുള്ള എന്ന വ്യക്തിയുടെ പേരില്‍ പത്തനംതിട്ട റിംഗ് റോഡില്‍ 24സെന്റ് വസ്തുവിന്റെ പോക്കുവരവാണ് പ്രതി നടത്തിയത്.

യഥാര്‍ത്ഥ ഉടമയായിരുന്ന സജിദ ഹബീബുള്ള വിദേശത്തായിരുന്ന സമയത്ത് സബീന എന്ന സ്ത്രീയെ ഉടമയെന്ന വ്യാജേന പത്തനംതിട്ട സബ് രജിസ്റ്റര്‍ മുമ്ബാകെ ഹാജരാക്കി ആധാരം ചെയ്തു. തുടര്‍ന്ന് അന്ന് പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പ് വസ്തു പോക്കുവരവ് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിനാണ് വിധിവന്നത്. സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി സോമന് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചപ്പോള്‍ മറ്റൊരു പ്രതിയായ സബീനയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്.