ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം നിർബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ദേശീയ ഗീതത്തിൻ്റെ 150ആം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

സിനിമകളിലോ ഡോക്യുമെൻ്ററികളിലോ ദേശീയഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ദേശീയഗീതം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ സ്കൂൾ അസംബ്ലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം, ദേശീയ ഗാനത്തെ തടസപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.