സ്ഥാനാരോഹണത്തിന് പിന്നാലെ ട്രംപിന് വന്‍ തിരിച്ചടി; യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; ജന്‍മാവകാശ പൗരത്വം റദ്ദാക്കുന്ന ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് മരവിപ്പിച്ച്‌ യു.എസ് ജഡ്ജി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഡൊണാള്‍ട് ട്രംപ് ഉത്തരവിട്ട പ്രധാന കാര്യങ്ങളില്‍ ഒന്ന് യു.എസിലെ ഓട്ടോമാറ്റിക് ജന്‍മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്ന നടപടിയായിരുന്നു.

ജനുവരി 20ന് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ഉടനെയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. യു.എസിലെ ഓട്ടോമാറ്റിക് ജന്‍മാവകാശ പൗരത്വം അവസാനിപ്പിക്കുകയാണ് എന്നതായിരുന്നു ഉത്തരവുകളില്‍ ഒന്ന്.

ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി ദമ്പതികളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായിരുന്നു അത്. ഒരുപാട് കാലമായി യു.എസില്‍ സ്ഥിരതാമസവും സ്വപ്നം കണ്ട് ജോലിചെയ്യുന്നവരാണവര്‍. ഇവരെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് യുഎസ് കോടതി മരവിപ്പിച്ചു.

ഭരണഘടന വിരുദ്ധമായ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ കഫ്‌നവര്‍. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണ് ട്രംപ്.