ഉന്നാവ് ബലാൽസംഗ കേസ് പ്രതി ജയിലിൽ തുടരണം; ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത്‌ സുപ്രീംകോടതി

ഉന്നാവ് ബലാത്സംഗകേസില്‍ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെന്‍ഗാറിനാണ് ഇതോടെ തിരിച്ചടിയായത്. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഡിസംബർ 23നാണ് ഡൽഹി ഹൈക്കോടതി കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍ഗാർ ശിക്ഷ ഇളവിന് ഹര്‍ജി നല്‍കിയത്.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.