മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാൻ കഴിയില്ല; ഇന്ന് മുതല്‍ വിലക്ക്

ദുബായ്: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകള്‍ അനുവദിക്കുന്നത് യുഎഇ താല്‍ക്കാലികമായി നിർത്തിവച്ചു.

ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇയുടെ താല്‍ക്കാലിക വിലക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.

 

നിയന്ത്രണമേർപ്പെടുത്തിയ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റ് വിസകള്‍ ഉള്‍പ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ലെന്ന് യുഎഇ അറിയിച്ചു. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വഴി ട്രാൻസിറ്റ് ചെയ്ത് യുഎഇയില്‍ എത്തുന്ന യാത്രക്കാർക്കും പ്രവേശന നിയന്ത്രണമുണ്ടാകും. എന്നാല്‍ ഈ രാജ്യങ്ങള്‍ക്ക് പുറത്ത് തുടർച്ചയായി 21 ദിവസത്തിലധികം താമസിച്ച ശേഷം യുഎഇയിലേക്ക് വരുന്നവരെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നല്‍കും.

 

രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നാഷണല്‍ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗോള ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഈ കാലാവധി നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.