പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ വിമാന സർവീസുകൾ; യുഎഇയിൽ നിന്നുള്ള വിമാന കമ്പനികൾ സർവീസുകൾ വ്യാപിപ്പിക്കുന്നു

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു. കേരളത്തിലേക്കുള്‍പ്പെടെ 250ലധികം നഗരങ്ങളിലേക്ക് ഇപ്പോള്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേസ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാന കമ്പനികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. 40ലധികം രാജ്യങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് നിലവില്‍ സര്‍വീസ് നടത്തുന്നു. കാല്‍ഗറി, ഡമാസ്‌കസ്, ലക്സംബര്‍ഗ്, സലാല എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കും സര്‍വീസ് ലഭ്യമാണ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലായി 140ഓളം നഗരങ്ങളിലേക്ക് എമിറേറ്റ്സ് എമിറേറ്റ്‌സ് എയര്‍ലൈനും സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കും യൂറോപ്പിലെയും അമേരിക്കയിലെ പ്രധാന നഗരങ്ങളിലേക്കും എമിറേറ്റ്സിന്റെ സര്‍വീസുകള്‍ ഉണ്ട്.

ദുബായുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായിയും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ദക്ഷിണേഷ്യന്‍ സെക്ടറില്‍ കോഴിക്കോടും കൊച്ചിയും ഫ്ലൈ ദുബായുടെ ലക്ഷ്യസ്ഥാനങ്ങളിലുള്‍പ്പെടുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എയര്‍ അറേബ്യയുടെ സര്‍വീസും ലഭ്യമാണ്.