തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തെയും സഹായിച്ച പ്രവാസിക്കും കുടുംബത്തിനും ക്രൂരമർദ്ദനം

തിരുവനന്തപുരം : അപകടത്തില്‍ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം.

മദ്യപിച്ച്‌ ബൈക്കില്‍ നിന്ന് തെന്നിവീണ സിപിഐ ചിറയിൻകീഴ് എനീസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജെഹാംഗീറും സുഹൃത്ത് നസീറും ചേർന്നാണ് പ്രവാസിയായ ഷെബീർ ഖാനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചത്.

ക്രൂരമായ മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം മംഗലപുരം പൊലീസിന് കൈമാറിയെങ്കിലും പൊലീസ് പ്രതികള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടിന് മുന്നില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പ്രവാസിയായ ഷെബീറും ഭാര്യയും പുറത്തേക്കിറങ്ങി നോക്കിയത്.

അപ്പോൾ റോഡില്‍ സ്കൂട്ടറില്‍ നിന്നും വീണ് കിടക്കുന്ന ജെഹാംഗീറിനെയും ഭാര്യയെയും മകളെയുമാണ് ഇവർ കാണുന്നത്. തുടർന്ന് വഴിയാത്രക്കാരായ ചിലരും ദമ്പതികളും ചേർന്ന് ജെഹാംഗീറീനെയും കുടുംബത്തെയെയും ഷെബീറിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയും, വെള്ളം കൊടുക്കും ചെയ്തു.

ആ സമയം മദ്യ ലഹരിയിലായിരുന്നു ജെഹാഗീറെന്ന് ഷെബീർ പറയുന്നു. ഇതിനിടെ ജെഹാഗീർ നസീറെന്ന സുഹൃത്തിനെ വിളിക്കുകയും. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയാത്രക്കാരായ ചെറുപ്പക്കാർ വാഹനമെടുക്കുന്നതിനിടെ നസീർ അവിടെയെത്തി പ്രകോപനമൊന്നും കൂടാതെ രക്ഷിക്കാനെത്തിവർക്ക്മേല്‍ തട്ടികയറുകയും കൈയ്യറ്റം ചെയ്യുകയായുമായിരുന്നു, ജെഹാഗീറും ഇവരെ മർദ്ദിച്ചു.

തുടർന്ന് മർദ്ദനമേറ്റ ഷബീറും ഭാര്യയും പൊലീസിനെ വിവരം അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

എന്നാൽ മംഗപുരം പൊലീസ് പ്രതികളെയും വാദിയെയും വിളിച്ചു വരുത്തിയ ശേഷം പ്രതികൾക്ക് അനുകൂലമായ രീതിയിൽ പ്രവർത്തിക്കുകയായിരുന്നു എന്ന് ഷബീർ പറഞ്ഞു.

മംഗലപുരം പൊലീസിൻ്റെ ഈ നടപടിക്കെതിരെ ഷെബീർ ഖാൻ റൂറല്‍ എസ്പിക്കും, ഡിജിപിക്കും പരാതി നല്‍കി.