മുംബൈ: സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍. എങ്കില്‍ റെയില്‍വെയുടെ ഈ പുത്തൻ മാറ്റത്തെക്കുറിച്ച് അറിഞ്ഞിരുന്നോളൂ.
റെയില്‍വെയുടെ ആപ്പായ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പില്‍ നിന്ന് ഇനിമുതല്‍ സീസണ്‍ ടിക്കറ്റ് ലഭിക്കില്ല. ഈ വർഷം മാർച്ച് മുതല്‍ റെയില്‍വെയുടെ പുതിയ ആപ്പായ റെയിൻ വണ്‍ ആപ്പിലൂടെയാകും ഇനി സീസണ്‍ ടിക്കറ്റ് എടുക്കാൻ സാധിക്കുക.
റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് റെയില്‍ വണ്‍. ടിക്കറ്റ് ബുക്കിങ്, പിൻഎൻആർ സ്റ്റാറ്റസ് പരിശോധിക്കല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, ഭക്ഷണത്തിനുള്ള ഓർഡർ നല്‍കല്‍ എന്നിവയെല്ലാം ഈ ആപ്പിലൂടെ സാധ്യമാകും. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പില്‍ ലഭിക്കും.
നിലവില്‍ യുടിഎസ് വഴി സീസണ്‍ ടിക്കറ്റ് എടുത്തവരും പേടിക്കേണ്ട. അത് ഷോ ടിക്കറ്റില്‍ നിലനില്‍ക്കും.
റെയില്‍വണ്‍ ആപ്പ് വഴി ഡിജിറ്റല്‍ പേയ്മെന്‍റ് മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അണ്‍റിസർവ്ഡ് ടിക്കറ്റുകള്‍ക്ക് 3% കിഴിവ് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതല്‍ ജൂലൈ 14 വരെ കിഴിവ് ലഭ്യമാകും.
നിലവില്‍ ആർ-വാലറ്റ് ഓപ്ഷൻ ഉപയോഗിച്ച് റെയില്‍വണ്‍ ആപ്പ് വഴി അണ്‍റിസർവ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 3% ക്യാഷ്ബാക്കും ലഭിക്കുന്നുണ്ട്. റെയില്‍വണ്‍ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.
