കൊച്ചി : ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്നും താൻ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും രമ പറഞ്ഞു.ടിപിയുടെ വധത്തെക്കുറിച്ച് ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിനാണ് പാർട്ടി ആലോചിച്ച് ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്.
വലിയ സാമ്ബത്തിക, രാഷ്ട്രീയ സ്വാധീനം കേസിനുണ്ടായിരുന്നു. കൊലയാളികള്‍ക്കു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുന്നത് പാർട്ടിയാണ്. സിപിഎമ്മിന്‍റെ പങ്കാണ് വളരെ വ്യക്തമായി കോടതി തെളിയിച്ചിരിക്കുന്നതെന്നും രമ പറഞ്ഞു. അഞ്ചുമാസം നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. പ്രോസിക്യൂട്ടർ അഡ്വ. കുമാരൻകുട്ടി, എന്‍റെ വക്കീല്‍ അഡ്വ. രാജീവ്, അഡ്വ. സഫല്‍ എന്നിവർ വളരെ നന്നായി കേസ് കൈകാര്യം ചെയ്തു. അതിശക്തമായി വാദം നടന്നു. അതിനു ശേഷമാണ് ഇന്ന് വിധിയുണ്ടായത്.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഉള്‍പ്പെടെ മുകളിലേക്കുള്ള ഗൂഡാലോചന സംബന്ധിച്ച് ഇനിയും കേസുമായി മുന്നോട്ടുപോകുമെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി നടപടിയും കോടതി റദ്ദാക്കി.
കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവരെ വെറുതേ വിട്ട വിധിയാണ് റദ്ദാക്കിയത്. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതേ വിട്ട വിധി കോടതി ശരിവച്ചു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജി അടക്കമാണ് കോടതി പരിഗണിച്ചത്.
സിപിഎമ്മിന്‍റെ ഉന്നതനേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ കൊലപാതകമാണിതെന്നും പി.മോഹനൻ അടക്കമുള്ളവരെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.കെ. രമ നല്‍കിയ ഹർജിയിലും കോടതി ഇന്ന് വിധി പറഞ്ഞു.2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. രജീഷ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.
