ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ വേണ്ട ; ടോൾ പ്ലാസകളിൽ ഇനി കറൻസി നോട്ടുകൾ നൽകി യാത്ര തുടരാനാവില്ല

ന്യൂഡല്‍ഹി: ടോൾ പ്ലാസകളിൽ ഇനി കറൻസി നോട്ടുകൾ നൽകി യാത്ര തുടരാനാവില്ല. ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് നിർത്തലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.

യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സുഗമമായും ടോൾ പ്ലാസകൾ കടന്നുപോകാൻ സഹായിക്കുന്നതിനാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഏപ്രിൽ 10 മുതൽ ഫാസ്ടാഗ് ഉള്ള വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാം. എന്നാൽ ഫാസ്ടാഗ് ഇല്ലാത്തവർക്കായി യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എങ്കിലും, ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ നിശ്ചിത ടോൾ തുകയേക്കാൾ 25 ശതമാനം അധികം നൽകേണ്ടി വരും.

ഫാസ്ടാഗും യുപിഐയും ഉപയോഗിക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ പ്രവേശനം നിഷേധിക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് അധികാരമുണ്ടാകും.

സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും ഐഡി കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് നേടുന്ന രീതി ഇനിമുതൽ അനുവദിക്കില്ല.

ഔദ്യോഗികമായി ടോൾ ഇളവിന് അർഹതയുള്ള വാഹനങ്ങൾക്ക് പ്രത്യേക ‘എക്‌സംപ്റ്റഡ് ഫാസ്ടാഗ്’ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കാനും കൃത്യമായ പരിശോധന ഉറപ്പാക്കാനും സഹായിക്കും.

സ്ഥിരമായി ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കായി ഫാസ്ടാഗ് ആന്വൽ പാസ്‌കൂടുതൽ പ്രയോജനകരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

3,075 രൂപയാണ് സ്വകാര്യ വാഹനങ്ങൾക്കുള്ള വാർഷിക പാസ് നിരക്ക്. ഒരു വർഷത്തെ കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ വരെ ടോൾ പ്ലാസകൾ കടന്നുപോകാൻ സാധിക്കും.

ഓരോ തവണയും പണമടയ്ക്കുന്നതിനേക്കാൾ വലിയ ലാഭം സ്ഥിരം യാത്രക്കാർക്ക് ഇതിലൂടെ ലഭിക്കും.