കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും ഉപയോഗിച്ച്‌ പ്രചാരണം; തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്.

അതേസമയം യുഡിഎഫിന്‍റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും, ഇൻഫര്‍മേഷൻ ആന്‍റ് പബ്ലിക് റിലേഷൻ ഡയറക്ടര്‍ക്കുമെതിരെയും കോണ്‍ഗ്രസ് തെര‌ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നു എന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.