ഹാട്രിക് നേട്ടത്തില്‍ തിരുവാര്‍പ്പ് ! തുടര്‍ച്ചയായ മൂന്നാംതവണയും കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തായി തിരുവാര്‍പ്പ്; അംഗീകാരം മാലിന്യനിര്‍മ്മാര്‍ജ്ജനരംഗത്ത് മികച്ച നേട്ടമുണ്ടാക്കിയതിന്

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ ജില്ലയില്‍ ഒന്നാമതെത്തുന്നത് തുടര്‍ച്ചയായ മൂന്നാംതവണ.

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കു തദ്ദേശ സ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫിയില്‍ ജില്ലയില്‍ ഒന്നാമതെത്തിയ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ പുരസ്‌കാരത്തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മാലിന്യനിര്‍മ്മാര്‍ജ്ജനരംഗത്ത് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങലെല്ലാം പാലിച്ച്‌ മികച്ച നേട്ടമുണ്ടാക്കാനായതാണ് ഇത്തവണ പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

മാലിന്യ സംസ്‌കരണത്തിനായി ആധുനിക എം.സി.എഫും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിനായി സ്‌കൂളുകളിലടക്കം തുമ്ബൂര്‍മൂഴി സംവിധാനം ഒരുക്കി. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളില്‍നിന്നും അജൈവമാലിന്യങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ചു.

പൈതയോരങ്ങളെല്ലാം പൊതുജന സഹകരണത്തോടെ വൃത്തിയാക്കി. മാലിന്യം വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം നടത്തുകയും ശക്തമായ നടപടികളെടുക്കുകയും ചെയ്തു. മാലിന്യം പൊതുസ്ഥലത്തു തള്ളിയ 43 പേരില്‍നിന്ന് പിഴ ഈടാക്കി. ജലാശയങ്ങളിലെ പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളില്‍ പൂന്തോട്ടങ്ങള്‍ ഒരുക്കി.