നിശബ്ദ പ്രചാരണത്തിലൂടെ വോട്ട് ഉറപ്പിച്ച് കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ആഴ്ചകൾ നീണ്ട ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമായതോടെ, നിശബ്ദ പ്രചാരണത്തിന്റെ വഴിയിൽ വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മണ്ഡലത്തിലെ ഓരോ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി വോട്ട് ഉറപ്പിക്കുന്ന പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവനസന്ദർശനം നടത്തിയ തിരുവഞ്ചൂർ, വോട്ടർമാരുമായി വ്യക്തിപരമായ ബന്ധം പുതുക്കുകയും വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളോടും മുതിർന്ന വോട്ടർമാരോടും അനുഗ്രഹം തേടിയ അദ്ദേഹം, പ്രദേശത്തെ വ്യാപാര വ്യാവസായിക സ്ഥാപനങ്ങളിലെ തൊഴിലാളികളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.

സ്ഥാനാർത്ഥിക്ക് പിന്തുണയുമായി യുഡിഎഫ് പ്രവർത്തകരും മണ്ഡലത്തിലുടനീളം സജീവമാണ്.

പോളിംഗ് ബൂത്തുകളോടനുബന്ധിച്ച് വോട്ടർമാർക്ക് സഹായകരമായ രീതിയിൽ പോളിങ് സ്റ്റേഷനുകൾ ഒരുക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. ഓരോ ബൂത്തിലും കൃത്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞു വോട്ടർമാരെ നേരിൽക്കണ്ട് സ്ലിപ്പുകൾ വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളും പൂർത്തിയാക്കി.

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ നാളെ രാവിലെ ഏഴിന് വയസ്കര ഗവൺമെന്റ് ടൗൺ ലോവർ പ്രൈമറി സ്കൂളിലെ 96-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തും.

 

 

 

വോട്ടെടുപ്പ് ആരംഭിക്കുന്ന ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തും. കോട്ടയം നിയോജകമണ്ഡലത്തിൽ ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.