പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം ചേരുന്നത്. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന് സമാനമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.
അതേസമയം, പ്രസ്താവനക്ക് അപ്പുറം വിഷയത്തിൽ വിശദമായ ചർച്ച വേണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഉത്തരവുമായി കേന്ദ്ര സർക്കാർ. പിഎൻജി കണക്ഷനുള്ള അനുമതികൾ ഇനി മുതൽ വേഗത്തിലാക്കും.നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഭരണകൂടങ്ങൾ അനുമതി നൽകിയില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കും. ചെറിയ പൈപ്പ് ലൈൻ ശൃംഖലയ്ക്ക് 10 ദിവസവും, ദീർഘ പൈപ്പ് ലൈൻ ശൃംഖലയ്ക്ക് 60 ദിവസവുമാണ് സമയ പരിധി. ഇതിനു പുറമെ ഏകീകൃതവും സുതാര്യവുമായ നിരക്കുകൾ നടപ്പിലാക്കും.
