പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട് ലഹരിസംഘം. പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പിന്നാലെ അഭിജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് അഭിജിത്തിന്‍റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ലഹരിസംഘത്തിൽപ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസപ്പെടുത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീത് പി എമ്മിനെ സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു. മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്‍റെ സൈഡ് ബീഡിങ് ഉൾപ്പടെ വലിച്ചുപറിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ വിനീത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
