ടെലഗ്രാം നിരോധനം കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് കോടതി; ഹര്‍ജിയില്‍ കേന്ദ്ര സർക്കാരിന് നോട്ടീസ്; നാളെ വീണ്ടും കേസ് പരിഗണിക്കും

ഡൽഹി: നിരോധനത്തിനെതിരെ ടെലഗ്രാം നല്‍കിയ ഹർജിയില്‍ കേന്ദ്ര സർക്കാരിന് നോട്ടീസ്.

ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും.

കേട്ടു കേള്‍വി ഇല്ലാത്ത നടപടിയാണ് സർക്കാരിൻ്റേതെന്ന് കോടതി വിമർശിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.

നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്പ് ഉപയോഗിച്ചുവെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും കേന്ദ്രം പറഞ്ഞു. ഇരുവിഭാഗത്തിൻ്റേയും വാദം കേട്ട കോടതി നാളെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.

എന്നാല്‍ ഈ നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേള്‍ക്കാതെയാണ് നിരോധനം എന്നുമാണ് ഹർജിയില്‍ വാദിക്കുന്നത്. ജൂണ്‍ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തെ പരിഹസിച്ച്‌ കമ്പനി സ്ഥാപകൻ പവല്‍ ഡുറോവ് രംഗത്ത് എത്തിയിരുന്നു.

അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ഡുറോവ് പ്രതികരിച്ചു. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഗൂഗിള്‍ നീക്കി. ഇതിനിടെ പുനപരീക്ഷയ്ക്കായുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് എൻടിഎ.

വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യോമസേന വിമാനത്തില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കുന്നത് പുരോഗമിക്കുകയാണ്. ഇതിനിടെ വിദ്യാർത്ഥികള്‍ക്ക് ഉപദേശവുമായി എൻ ടി എ ഡിജി രംഗത്ത് എത്തി. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും അത്തരം സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും പരീക്ഷയെക്കുറിച്ച്‌ മാത്രം ചിന്തിക്കാനുമാണ് ഉപദേശം നല്‍കിയിരിക്കുന്നത്.