സൂര്യനെല്ലി പീഡനക്കേസിൽ പെൺക്കുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി; സൂര്യനെല്ലി പീഡനക്കേസിൽ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിര്‍ദേശം.

സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. മുൻ പോലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെസമീപിച്ചത്.

പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി കേസെടുക്കാൻ നിര്‍ദേശിച്ചത്.

കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാനാണ് മണ്ണന്തല പോലീസിന് കോടതി നി‍ർദേശം നല്‍കിയത്. തുടര്‍ന്നാണിപ്പോള്‍ പോലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്.