രാഹുലിന്റെ ഫോൺകോൾ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത; വിളിച്ചത് രഹസ്യമൊഴി നൽകി തൊട്ടടുത്ത ദിവസം

ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഫോൺ വിളിച്ചിരുന്നു. രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയെ ആണ് രാഹുൽ ഫോൺ ചെയ്തത്. ഇത്തരത്തിൽ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണെന്ന് കണ്ടെത്തൽ. ഫെബ്രുവരി പതിനാറാം തീയതിയായിരുന്നു അതീജിവിത രഹസ്യമൊഴി നല്‍കിയത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ അതിജീവിത കോള്‍ എടുത്തിരുന്നില്ല. അതിജീവിതയുടെ പരാതിക്കൊപ്പം ഫോണ്‍ വിളിയുടെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി പതിനേഴിന് രാഹുല്‍ വാട്‌സ്ആപ്പില്‍ വിളിച്ചു എന്നാണ് അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. രാഹുലിന്റെ കോള്‍ താന്‍ എടുത്തില്ല. എന്നാല്‍ ആ കോള്‍ വന്നത് തന്നില്‍ കടുത്ത മാനസിക സംഘര്‍ഷവും ഭയവുമുണ്ടാക്കിയെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയുടെ പരാതി ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ലംഘിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.

പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരകാണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 27ന് ഹാജരാകാനായിരുന്നു കോടതി നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസായിരുന്നു കേസ് പരിഗണിച്ചത്. ഉപാധി ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കും.