ഇത്രയും സന്തോഷമുളള സമയത്തും ഇങ്ങനൊരു താടി..? ഒടുവിൽ താടിയുടെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ​ഗോപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ പ്രത്യേക രീതിയിലുളള വെളുത്ത താടിയായിരുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷമുളള സമയത്ത് എന്തിനാ ഇങ്ങനെയൊരു താടിവച്ചതെന്ന് ആരാധകരുൾപ്പടെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നിലെ രഹസ്യം എന്താണെന്ന് സുരേഷ് ഗോപി വെളുപ്പെടുത്തുകയും ചെയ്തില്ല.

ഒടുവിൽ കഴിഞ്ഞദിവസം കഥാകൃത്ത് ടി പത്മനാഭന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തി.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ പത്മനാഭസ്വാമിയുടെ വേഷത്തിനുവേണ്ടിയാണ് താടി വളർത്തുന്നതെന്നായിരുന്നു സുരേഷ് ഗോപി അദ്ദേഹത്തോട് പറഞ്ഞത്. വയ്പ്പുതാടി ശരിയാവാത്തതുകൊണ്ടാണ് താടിവളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായശേഷം കണ്ണൂർ സന്ദർശനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ടി പത്മനാഭനെ കാണാൻ ഉച്ചയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കവിത ചൊല്ലിക്കൊണ്ടാണ് ടി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചത്. രാഷ്ട്രീയവും കേന്ദ്രമന്ത്രിപദവിയുമെല്ലാം ഇരുവരും ചർച്ചചെയ്യുകയും ചെയ്തു.

ഇന്നലെ മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലും സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷേ വാ…എന്നുപറഞ്ഞ് കൈപിടിച്ച് സ്വീകരിച്ച നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ .

കാൽതൊട്ടു വന്ദിച്ച് അദ്ദേഹം അനുഗ്രഹം തേടുകയും ചെയ്തു. നായനാരെ കുറിച്ചുള്ള ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ ‘പ്രിയ സഖാവ്’ സുരേഷ് ഗോപിക്ക് നൽകി. പുസ്‌തകം വായിച്ച് അഭിപ്രായം അറിയിക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചാണ് സുരേഷ് മടങ്ങിയത്.