കൊച്ചി: തൃശൂർ ലോക്സഭ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
മതവികാരം ഇളക്കിവിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാരോപിച്ച് എ.ഐ.വൈ.എഫ് നേതാവ് എ.എസ് ബിനോയി നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.
തെരഞ്ഞെടുപ്പ് കേസുള്ളതിനാൽ പിടിച്ചുവെച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അപേക്ഷയും അവധിക്ക് ശേഷം കോടതി പരിഗണിക്കും.
ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കേണ്ടതില്ലെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് കക്ഷി ചേർക്കാൻ മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് കോടതി തിരികെ വിളിച്ചു. തുടർന്നാണ് ജനുവരി 20ന് പരിഗണിക്കാനായി മാറ്റിയത്.
