ഡൽഹി: വമ്പിച്ച വിജയം നേടി എൻഡിഎ സീറ്റ് ഉറപ്പിച്ച തൃശ്ശൂർ നിയുക്ത എംപി സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിൽ അനിശ്ചിതത്വം തുടരുന്നു. 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ നടക്കാനിരിക്കെ സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ഡൽഹിയിലേയ്ക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും.
അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രഹ്ലാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം നൽകും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല.
ഒരു ഘട്ടം കൂടി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുപ്പതോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹൻ നായിഡുവിന്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്ഥിരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അറിയിപ്പ് ലഭിച്ചു.
