‘ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ; പരസ്യ അഭിപ്രായ പ്രകടനം ശരിയല്ല; മുതിര്‍ന്ന നേതാക്കള്‍ മാതൃക കാട്ടണം’; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

മുഖ്യമന്ത്രി ചർച്ചകള്‍ തള്ളിയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്. തെരഞ്ഞെ‌ടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറ‍ഞ്ഞു.

അഭിപ്രായങ്ങള്‍ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും.

മുതിർന്ന നേതാക്കള്‍ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് ഇതല്ല സമയമെന്നും അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.

കെസിയെ പിന്തുണച്ചുള്ള നീക്കത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ദീപ ദാസ് മുൻഷി നിർദേശം നല്‍കി എന്നും അദ്ദേഹം വെളിപ്പെടുത്തി.