നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് നഴ്‌സിങ്‌ വിദ്യാർഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളില്‍ നിന്ന്‌ വീണത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കോളേജിലെ മുഴുവൻ വിദ്യാർഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ പ്രൊഫ.എൻ.അബ്ദുല്‍ സലാം കർശനനിർദേശം നല്‍കി. സഹപാഠികളില്‍ നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച്‌ ഒരാഴ്ച മുൻപ് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍ നിന്ന് വിശദീകരണം തേടി.

അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.