തെരുവുനായ ആക്രമണം; മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ച്‌ ഡല്‍ഹി സ്വദേശിനി

ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ച്‌ ഡല്‍ഹി സ്വദേശിനി.

 

ഡല്‍ഹി സ്വദേശിയായ പ്രിയങ്ക റായിയാണ് ഹരജി സമര്‍പ്പിച്ചത്. ശാരീരികവും മാനസികവും സാമ്ബത്തികവുമായി തനിക്കുണ്ടായ ആഘാതത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

 

ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രിയങ്ക റായിയെ തെരുവുനായകള്‍ ആക്രമിച്ചത്. സൗത്ത് ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വച്ച്‌ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. 12 സെന്റിമീറ്റര്‍ മുറിവിന് 12 ലക്ഷം രൂപയാണ് പ്രിയങ്ക റായ് ചോദിച്ച നഷ്ടപരിഹാരം. ഇതിനുപുറമേ പല്ലിന്റെ അടയാളങ്ങള്‍ക്ക് 4.2 ലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. മാനസികമായും സാമ്ബത്തികമായും തനിക്കുണ്ടായ ആഘാതത്തിന് നഷ്ടപരിഹാരമായി ബാക്കി 3.8 ലക്ഷം രൂപയും പ്രിയങ്ക ആവശ്യപ്പെടുന്നു.

 

2023ല്‍ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരം കണക്കാക്കേണ്ട ഒരു ഫോര്‍മുല നിര്‍വചിച്ചിരുന്നു. പല്ലുകളുടെ കടിയേറ്റ എണ്ണത്തെയും ചര്‍മത്തില്‍നിന്ന് മാംസം കടിച്ചെടുത്തതിനെയും അടിസ്ഥാനമാക്കി വേണം നഷ്ടപരിഹാരം കണക്കാക്കാനെന്നായിരുന്നു കോടതിയുടെ ഫോര്‍മുല. ഈ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്ക റായ് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.