തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. പിന്നാലെ സഭയില്‍ നിന്ന് ഗവർണർ മടങ്ങുകയായിരുന്നു. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാകും സഭ ചേരുക.കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. എന്നാല്‍, ഗവർണര്‍ക്കെതിരെ വിമർശനമില്ല.
കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്ബത്തിക നിലയെ പ്രതികൂലമായി ബാധിച്ചുവെന്നും സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി സുപ്രീംകോട്ടയെ സമീപിക്കാൻ സംസ്ഥാനം നിർബന്ധിതമായെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അർഹതപ്പെട്ട ഗ്രാൻ്റും സഹായത്തിന്റെ വിഹിതവും തടഞ്ഞു വയ്ക്കുന്നതിനെ സർക്കാർ ആശങ്കയോടെ കാണുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.രാവിലെ രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പൂച്ചെണ്ട് നല്‍കിയാണ് ഗവർണറെ സ്വീകരിച്ചത്. എന്നാല്‍ പരസ്പരം മുഖം കൊടുക്കാതെ ഇരുവരും ശ്രദ്ധിച്ചു. ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് വായിച്ചത്.
ഇന്നു മുതല്‍ മാർച്ച് 27 വരെ ബജറ്റ് സമ്മേളനം ചേരാനാണ് തീരുമാനം. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള ബജറ്റ് 5ന് മന്ത്രി കെ.എൻ.ബാലഗോപാല്‍ അവതരിപ്പിക്കും. ഓർഡിനൻസുകള്‍ക്കു പകരമുള്ള മൂന്നെണ്ണമുള്‍പ്പെടെ എട്ടു ബില്ലുകള്‍ സമ്മേളന കാലയളവില്‍ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ആകെ 32 ദിവസം സഭ ചേരും.
