പത്തനംതിട്ട: മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു.
ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മൂഴിയാറിന് പുറമെ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്.
ഇടുക്കി പാംബ്ല ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലങ്കര ഡാമും തുറന്ന സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
