കൊച്ചി: സംസ്ഥാനത്ത് വേനല്‍ചൂട് ശമനമില്ലാതെ തുടരുന്നു.
വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും അവസ്ഥയും ഇതുതന്നെയാണ്. കനത്ത വേനലില്‍ പുറത്ത് ജോലിചെയ്യുന്നവരും ഉണ്ട്. ഇതോടെ തൊഴിലാളികള്‍ക്ക് മൂന്ന് മണിക്കൂര്‍ വിശ്രമം അനുവദിച്ചതായി ലേബർ കമ്മീഷണർ.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാവുമെന്നും അറിയിച്ചു. വേനല്‍ കടുത്തതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനർ ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവ്. കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്ക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം പുനർ ക്രമീകരിച്ചത്.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമം ആയിരിക്കും. മേല്‍ നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് പരിശോധന ആരംഭിച്ചു.
പ്രസ്തുത നിർദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയില്‍ കർശന നിർദേശം നല്കി.
