പത്തനംതിട്ട: റാന്നി അങ്ങാടി പേട്ട ജംഗ്ഷന് സമീപത്തെ വീട്ടില്‍ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളില്‍ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഭാഗ്യവശാല്‍, ആ സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
പേട്ട ജംഗ്ഷന് സമീപം ശാസ്താംകോവില്‍ ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീർ എന്നയാളുടെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന്, പ്രദേശവാസികള്‍ ഉടൻ തന്നെ സമീപത്തെ പാമ്പുപിടിത്തക്കാരനായ മാത്തുക്കുട്ടിയെ വിവരമറിയിക്കുകയായിരുന്നു. മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പമ്പാവാലിയുടെ തീരപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമീപകാലത്തായി ഈ പ്രദേശത്തെ വീടുകളില്‍ പാമ്പുകളുടെ ശല്യം വർദ്ധിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഇതിന് മുൻപും പല വീടുകളിലും പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
