കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ശരീരത്തില്‍ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതിന് പുറമേ ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ വീട്ടമ്മയുടെ ശരീരത്തില്‍ ഇല്ലെന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രിയുടെ വിശദീകരണം. ഇത് തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം. വ്യാഴാഴ്ചയായിരുന്നു കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി കൂടിയായ ചേരാവള്ളി സ്വദേശിനി സെലീന മരിച്ചത്.

കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വാഹനമെടുക്കാന്‍ പോയപ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഉടന്‍തന്നെ സെലീനയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ ആരോപണവുമായി സെലീനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.