തൃശ്ശൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരത്തിന് നൃത്തച്ചുവടുകള്‍ വയ്ക്കാൻ കേരള കലാമണ്ഡലം ഒരുങ്ങുന്നു.
ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത് വച്ചാണ് സംസ്ഥാന കലോത്സവം നടക്കുന്നത്. പതിനാറായിരം വിദ്യാർത്ഥിള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
സ്വാഗത ഗാനം നിർത്താവിഷ്കാരത്തില്‍ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പരാമർശിച്ചിരുന്നു. അത് നേരത്തെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കേരളകലാമണ്ഡലം വിദ്യാർത്ഥികള്‍ സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കേരളകലാമണ്ഡലം രജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ മന്ത്രിയെ അറിയിക്കുകയും തുടർന്ന് നൃത്താവിഷ്കാരം ചെയ്യുന്നതിന് കേരള കലാമണ്ഡലത്തെ ഏല്‍പ്പിക്കുകയായിരുന്നു.
കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാർത്ഥികളും വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാർത്ഥികളും ചേർന്നാണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി രജിത രവി, നൃത്ത വിഭാഗം അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുണ്‍ വാര്യർ എന്നിവർ ചേർന്നാണ് നൃത്താവിഷ്കാരത്തിനുള്ള ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.
