തിരുവനന്തപുരം : രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് പിന്നാലെ സര്‍ക്കാരിന്‍റെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.ഇതിന് പിന്നാലെ പ്രമേയം തള്ളിയതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സാമ്ബത്തിക സ്ഥിതി വഷളാക്കിയതെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച റോജിയുടെ വിമർശനം. കേന്ദ്ര നയമാണ് സംസ്ഥാനത്തെ തകര്‍ത്തെന്നായിരുന്നു പിന്നീട് സംസാരിച്ച കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞത്.
കേന്ദ്ര നയം ഒരു കാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ധനപ്രതിസന്ധിയുടെ പ്രധാന കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്.ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ധനമന്ത്രി നടക്കുന്നത്. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കൊടുക്കാനുള്ള കാശ് പോലും ട്രഷറിയില്‍നിന്ന് പാസാകില്ലെന്നും സതീശൻ വിമർശിച്ചു.
അതേസമയം ഒന്നിനും പണം കൊടുക്കാനില്ലെന്ന പ്രതിപക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി പറഞ്ഞു. ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുകയല്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്ന് മന്ത്രി ആവർത്തിച്ചു. കേരളം പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുമ്ബോഴും സര്‍ക്കാര്‍ ഇതിനെലാഘവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിടുകയായിരുന്നു
