ഡൽഹി : കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. ട്രെയിൻ തടയലും ഉണ്ടാകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ, മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിക്കും. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കർഷകരോട് ഉള്ള വെല്ലുവിളിയാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ജൂലൈ 28 ന് അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചുചേർക്കും. തൊഴിലാളി സംഘടനകളുടെയും പിന്തുണ പ്രതിഷേധങ്ങൾക്ക് തേടുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ എന്ന് ഒപ്പിടുമോ അതിന്റെ തൊട്ട് അടുത്ത ദിവസം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങും. യുഎസ് ഇന്ത്യൻ കാർഷിക മേഖലയിലേക്ക് കടന്ന് കയറുന്നുവെന്നും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും കർഷകരുമായി ചർച്ച ചെയ്യാതെ ഒപ്പിട്ടതെന്നും സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി.
