ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്‌ആര്‍ടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റില്‍ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വെർച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്‌ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം.

വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റില്‍ കെഎസ്‌ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. പമ്പ ശ്രീരാമസാകേതം ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ കെഎസ്‌ആർടിസി ഓണ്‍ലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗ് സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

അതേസമയം, ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങള്‍ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.