വഴിപാടിനുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറില്‍; ശബരിമലയില്‍ ഗുരുതര വീഴ്ച

പത്തനംതിട്ട: ശബരിമലയിലെ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തില്‍ ഗുരുതരമായ വീഴ്ച നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി.

സാധാരണ ഫോമിക് ആസിഡ് സംഭരിക്കുന്നതിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകളിലാണ് കരാർ നേടിയ സ്ഥാപനമായ പൊതുമേഖലാ സ്ഥാപനമായ റയ്ഡ്കോ തേൻ എത്തിച്ചതെന്ന് പരിശോധിച്ചപ്പോള്‍ വ്യക്തമായി. തുടർന്ന് ആ തേൻ മുഴുവനും ഉപയോഗിക്കാതെ മാറ്റിവെക്കുകയായിരുന്നു.

അഭിഷേകത്തിനും ദർശനത്തിനുമായി പഴയ സ്റ്റോക്കില്‍ ഉണ്ടായിരുന്ന തേൻ തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് റയ്ഡ്കോയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങള്‍ ആരംഭിച്ചു.

തെറ്റായ കണ്ടെയ്നറുകളില്‍ തേൻ എത്തിച്ചതിനെക്കുറിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബൈജു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി വ്യക്തമാക്കി. മറുപടി ലഭിച്ചതിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം, ഈ തേൻ എത്തിച്ച കണ്ടെയ്നറുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.