ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ പേര്‍ പ്രതികളാകും; കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതല്‍ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം.

ദ്വാരപാലക പാളി കേസില്‍ രണ്ട് പേരെയും കട്ടിള പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടില്‍ സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, രേഖകളും, മഹസറുകളും, അക്കൗണ്ടുകളും, അനുബന്ധ രേഖകളും, കൈമാറാനാണ് നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സ്പോണ്‍സർമാരുടെ മൊഴികള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വർണപ്പാളികള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

യഥാർത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച്‌ സെന്‍ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്തും.