കാറിൽ കറങ്ങി നടന്ന് ആഡംബര ജീവിതത്തിനായി റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്

കൊല്ലം: കാറിൽ കറങ്ങിനടന്ന് റബർ ഷീറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. മഞ്ഞപ്പാറ സ്വദേശിയായ അർഷിത് (18) ആക്കൽ സ്വദേശിയായ സാജിദ് (19) പ്രായപൂർത്തിയാകാത്ത ഒരാളെയും കൂടെയാണ് കൊല്ലം ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ മോഷണത്തിന് ഇറങ്ങിയത്. ചിതറ സ്വദേശിയുടെ ആഢംബര കാറിൽ കറങ്ങി നടന്നായിരുന്നു റബ്ബർ ഷീറ്റ് മോഷ്ടിച്ചത്.

കാറിൽ ആക്കലിൽ എത്തിയ പ്രതികൾ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബർ ഷീറ്റുകൾ മോഷ്‌ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പ്രതികൾ കാറുമായി മുങ്ങുകയായിരുന്നു.
എന്നാൽ വീട്ടുകാരും പ്രദേശവാസികളും പ്രദേശവാസികളും കാറിൻ്റെ നമ്പർ തിരിച്ചറിയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പനവേലിയിലെ ഒരു കടയിലാണ് റബർ ഷീറ്റ് വിറ്റത്. തുടർന്ന് പ്രതികൾ സമീപത്തെ സർവീസ് സെൻ്ററിൽ കാർ കഴുകാൻ ഏൽപ്പിച്ചു. ഉടമസ്‌ഥൻ നേരിട്ടെത്തി കാർ എടുക്കുമെന്ന് പറഞ്ഞ് മോഷ്‌ടാക്കൾ കടന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്. പ്രതികളെ മോഷണ സ്‌ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഒഴികെ മറ്റ് രണ്ട് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.