കോട്ടയം, എറണാകുളം ജില്ലകളിലേക്ക് രാസലഹരിയും കഞ്ചാവും ഒഴുകുന്നു; അന്യസംസ്ഥാനങ്ങളിൽ നിന്ന് 1000 രൂപയ്ക്ക് എത്തിക്കുന്ന കഞ്ചാവ് ന​ഗരത്തിൽ വിൽപ്പന നടത്തുന്നത് 10,000 രൂപയ്ക്ക്; 3 ദിവസത്തിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത് 13 കിലോ കഞ്ചാവ്

കോട്ടയം: ഗുജറാത്ത്, ഒഡീഷ, അസം എന്നിവിടങ്ങളിൽനിന്നു കോട്ടയം, എറണാകുളം ജില്ലകളിലേക്കു രാസലഹരിയും കഞ്ചാവുമെത്തുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു 3 ദിവസത്തിനിടെ പിടികൂടിയത് 13 കിലോഗ്രാം കഞ്ചാവ്.

ശനിയാഴ്ച പുലർച്ചെ പ്ലാറ്റ്ഫോമിൽ പരിശോധനയിൽ ബംഗാൾ സ്വദേശി ബാദൽ മണ്ഡലി(45)ന്റെ ട്രോളി ബാഗിൽനിന്ന് 10 കിലോ കഞ്ചാവാണു റെയിൽവേ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗാൾ സ്വദേശിയിൽനിന്നു 3 കിലോ കഞ്ചാവും പിടികൂടി.

വൻതോതിൽ കഞ്ചാവ്, സിന്തറ്റിക് ലഹരി മരുന്ന് എത്തുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് ഐജി പി.വിജയൻ കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചത്. എറണാകുളത്തു റെയിൽവേ പൊലീസ് പരിശോധനയെന്നു കണ്ടതോടെയാണ് ലഹരി സംഘം കോട്ടയം സ്റ്റേഷനിൽ ഇറങ്ങാനെത്തിയതെന്നു പൊലീസ് പറയുന്നു.

എറണാകുളത്തെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നു മാത്രമായി 40 കിലോയിലധികം കഞ്ചാവ് വ്യത്യസ്ത കേസുകളിൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രതികൾ അസം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇത് എത്തിച്ചത്. ഒഡീഷയിൽനിന്ന് ഒരു കിലോഗ്രാം കഞ്ചാവ് 1,000 രൂപയ്ക്കാണു പ്രതികൾ വാങ്ങുന്നത്.

10,000 രൂപയ്ക്കാണ് നഗരത്തിൽ വിൽപന നടത്തുന്നത്. സംസ്ഥാനത്തു ലഹരി മരുന്ന് ഉപയോഗിച്ച ശേഷം നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകി.കോട്ടയം സ്റ്റേഷനിലെ പരിശോധനകൾക്ക് എസ്എച്ച്ഒ റെജി പി. ജോസഫ്, ഉദ്യോഗസ്ഥരായ നിസാർ, ഷാനു, അനു എന്നിവർ നേതൃത്വം നൽകി.