കോടതിയിലേക്ക് കൊണ്ടുപോകവേ തടവുപുള്ളി ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി; പിന്നാലെ രണ്ടു പോലീസുകാർ എടുത്തുചാടി അതിസാഹസികമായി പ്രതിയെ പിടികൂടി; അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തൃശ്ശൂർ: കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി.
സനീഷ് എന്നയാളാണ് രക്ഷപെടാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത്.
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടി കൂടുകയായിരുന്നു.

കാസർകോട് നിന്ന് ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്ന പ്രതിക്ക് ശൗചാലയത്തിൽ പോകാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു കൊടുത്തപ്പോഴായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്.
ട്രെയിനിന്റെ വേഗത കുറയുന്നത് കണ്ട പ്രതി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.