പണം നല്‍കാത്തതിനാല്‍ കരാറുകാര്‍ സമരത്തില്‍; ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്; ജൂണ്‍ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ ഇല്ല

കോഴിക്കോട്: വാതില്‍പ്പടി കരാറുകാർക്ക് പണം നല്‍കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ വിതരണം പ്രതിസന്ധിയിലേക്ക്.

റേഷൻ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി കരാറുകാർക്ക് 70 കോടിയോളം രൂപ സർക്കാർ നല്‍കാനുണ്ട്.
വിതരണക്കാർ സമരം തുടരുന്നതിനാല്‍ ജൂണ്‍ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ റേഷൻ കടകളില്‍ ഇല്ല.

സമരം അവസാനിപ്പിച്ച്‌ റേഷൻ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ റേഷൻ കടകള്‍ അടച്ച്‌ പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തും.

മാസം പകുതിയാകുന്നതിന് മുൻപേ ഒട്ടുമിക്ക റേഷൻ കടകളിലും അരി അടക്കമുള്ള സാധനങ്ങള്‍ തീർന്നു.
സംസ്ഥാനത്തെ 94 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകള്‍ക്ക് റേഷൻ മുടങ്ങില്ല എന്ന് സർക്കാർ വാഗ്ദാനം ചെയ്തു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ റേഷൻ കടകളില്‍ സാധനം വാങ്ങാൻ വരുന്നവർ വെറും കൈയോടെ മടങ്ങുകയാണ്.

വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷൻ കടക്കാരന് ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷൻ വ്യാപാരികള്‍ക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും.