കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ആണ്‍സുഹൃത്തിനെ മർദിച്ച് അവശനാക്കുകയും ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മഴ നനയാതിരിക്കാൻ കെട്ടിടത്തില്‍ കയറിനിന്ന യുവതിക്ക് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ മൂന്നാമത്തെ പ്രതിയും പിടിയിലായി.
അരൂർ സ്വദേശി സഞ്ജയ് ആണ് പിടിയിലായത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തി ഇയാളെ പിടികൂടിയത്.
കേസിലെ മറ്റ് രണ്ടുപേരെ പോലീസ് നേരത്തെ സാഹസികമായി പിടികൂടിയിരുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒൻപതോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിർവശമുള്ള കാടുപിടിച്ച ഹോട്ടല്‍ സമുച്ചയത്തിലാണ് സംഭവം. ട്രെയിൻ ഇറങ്ങിയ ശേഷം സൗത്ത് റെയില്‍വേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോയ യുവാവും യുവതിയും മഴ കനത്തതോടെയാണ് ഈ കെട്ടിടത്തില്‍ അഭയം തേടിയത്.
മഴ കൂടിയപ്പോള്‍ അവർ മുകളിലത്തെ നിലയിലേക്ക് കയറി നിന്നു. ആ സമയം പ്രതികള്‍ അവിടെ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്ക് പോയ സുഹൃത്തുക്കള്‍ പ്രതികളെ കണ്ടിരുന്നില്ല.
ഇവർക്ക് പുറകെ പ്രതികളും മുകളിലേക്കു പോയി. അവിടെവെച്ച് ആണ്‍സുഹൃത്തിനെ മർദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞത്. എന്നാല്‍ പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചുപറിച്ച യുവതി അവിടെനിന്ന് ഓടി രക്ഷപ്പെടുകയും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയുമായിരുന്നു. അക്രമി സംഘത്തില്‍ നിന്നും പൂർണ്ണനഗ്നയായിട്ടാണ് പെണ്‍കുട്ടി തെരുവിലേക്ക് ഓടി രക്ഷപ്പെട്ടത്.
സംഭവം നടന്ന കെട്ടിടത്തില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. എന്നാല്‍ പരിസരത്തെ മറ്റു ക്യാമറകള്‍ പരിശോധിച്ച പൊലീസിന് പ്രതികള്‍ സഞ്ചരിച്ച ബൈക്കിനെക്കുറിച്ച് സൂചന ലഭിച്ചു. ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
