ഇടുക്കി: മദ്യം വാങ്ങാൻ കാശില്ലാത്തതിനാല്‍ ആരാധനാലയത്തിന്റെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍.
മഞ്ചുമല അരുണ്‍ ഭവനില്‍ ആനന്ദ് കുമാറിനെയാണ് ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ആരാധനാലയത്തിന്റെ സ്റ്റീല്‍ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. 1500 ഓളം രൂപയാണ് ഇയാള്‍ മേഷ്ടിച്ചത്.
രാത്രി 12 മണി കഴിഞ്ഞ് സ്ഥലത്തുണ്ടായായിരുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ അടച്ച ശേഷമായിരുന്നു പ്രതി കാണിക്ക വഞ്ചി കുത്തി തുറന്നത്. ഇടുക്കി വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള കാണിക്ക വഞ്ചിയിലാണ് മോഷണം നടന്നത്.
പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചു. വിവരമറിഞ്ഞ ഉടനെ സംഭവ സ്ഥലത്ത് പോലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് രാവിലെ ടൗണില്‍ നിന്നും ആനന്ദകുമാറിനെ പിടികൂടി.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഹോട്ടല്‍ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്ന സമയത്തും ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
