മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തല അയയുന്നു; മന്ത്രിസഭയിൽ അം​ഗമാകും, പക്ഷെ വകുപ്പിൽ അവ്യക്തത തുടരുന്നു

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമ ധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വിഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അമര്‍ഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. നേരത്തെ വിഡി സതീശനും രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും സംസാരിച്ചു. ജോസഫ് വാഴക്കന്‍, വിടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.