തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്.
എന്നാല്‍ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നല്‍കി. നിരവധി രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകള്‍ പൂർത്തിയായാല്‍ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കില്‍ നാളെ എന്നാണ് പുറത്തുവരുന്ന സൂചന.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന് ഡിജിപി കൈമാറിയിരിക്കുകയാണ്.
