തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി കൗൺസിലർമാർക്കുള്ള ഡൽഹിയിലെ സ്വീകരണത്തിൽ ശാസ്തമംഗലം കൗൺസിലറും മുൻ ഐപിഎസ് ഓഫീസറുമായ ആർ ശ്രീലേഖ പങ്കെടുത്തേക്കില്ല. ഇന്ന് ട്രെയിനിൽ ഡൽഹിക്ക് പുറപ്പെടാനിരിക്കുന്ന കൗൺസിലർമാർക്കൊപ്പം ശ്രീലേഖയില്ല. അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നതാണ് വിട്ടുനിൽക്കാനുള്ള കാരണമായി ശ്രീലേഖ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാർഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗൺസിലർമാർ പ്രതികരിച്ചു.
അതേസമയം പാർട്ടിയുമായുള്ള അസ്വാരസ്യങ്ങളാണ് ശ്രീലേഖ വിട്ടുനിൽക്കുന്നതിന് പിന്നിൽ എന്ന് വിലയിരുത്തലുകളുണ്ട്. നേരത്തെ പാർട്ടി വേദികളിലും അല്ലാതെയും ശ്രീലേഖ തന്‍റെ അതൃപ്തി പരസ്യമാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗൺസിലറാകാൻ വേണ്ടിയല്ല എന്നുമുളള ശ്രീലേഖയുടെ തുറന്നു പറച്ചിൽ ബിജെപിയെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ച ശ്രീലേഖയെ അവസാന നിമിഷം മാറ്റിയാണ് വിവി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്.
