തിരുവനന്തപുരം കോർപറേഷനിൽ തന്നെ മേയര്‍ ആക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പരിഗണിക്കാത്തതില്‍ വിഷമമോ നീരസമോ ഇല്ല. രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ട്. അതുകൊണ്ടാണ് പറഞ്ഞതെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ശ്രീലേഖയുടെ തുറന്നുപറിച്ചില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം താൻ വിസമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് വെറും കൗണ്‍സിലറായിട്ടല്ല മത്സരിപ്പിക്കുന്നത്, ബിജെപി പാര്‍ട്ടിയുടെ മുഖമായിരിക്കും, എല്ലാവരെയും വിജയിപ്പിച്ചെടുക്കണം, മേയറായി പരിഗണിക്കും എന്നായിരുന്നു തന്നോട് പറഞ്ഞതെന്നും ശ്രീലേഖ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീലേഖ പ്രതികരിച്ചു. ‘രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത എനിക്കുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. എല്ലാവരുടെയും ഒപ്പം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും. വി വി രാജേഷിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല മത്സരിപ്പിച്ചതെന്നുമുള്ള ശ്രീലേഖയുടെ പ്രതികരണമാണ് ചര്‍ച്ചയായത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വിവി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.
