തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബ് ചാനലിലൂടെ ചോർന്ന സംഭവത്തില്‍ കർശന നടപടിക്ക് സംസ്ഥാന സർക്കാർ.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി ആറംഗ സമിതിയേയും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതിയാകും ചോദ്യപേപ്പർ യൂട്യൂബ് ചാനലിലൂടെ ചോർന്ന സംഭവം അന്വേഷിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഒരുമാസത്തിനകം റിപ്പോർട്ട് നല്‍കാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എംഎസ് സൊല്യൂഷൻസിനെ കടുത്ത ഭാഷയില്‍ വിമർശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
ചോദ്യപേപ്പർ വിതരണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്. സർക്കാർ അധ്യാപകർ പ്രൈവറ്റ് ട്യൂഷൻ സെന്ററുകളില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും. എം.എസ്. സൊല്യൂഷൻ എന്ന യൂട്യൂബ് ചാനല്‍ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി അറിയിച്ചു.
